കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 51 പരാതികള്‍ തീര്‍പ്പാക്കി. 61 പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. പത്ത് പരാതികള്‍ തീര്‍പ്പാക്കാനായി മാറ്റിവെച്ചു.
കമീഷന് അംഗങ്ങളായ അഡ്വ. പി. ഷാജേഷ് ഭാസ്കര്‍, സിസിലി ജോസഫ് എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്. തെറ്റായ വിവരങ്ങള്‍ അടങ്ങിയ ആധാര്‍ കാര്‍ഡ് ലഭിച്ചത് തിരുത്തി നല്കാന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി നല്കിയ പരാതിയില്‍ ഒരു മാസത്തിനകം തിരുത്തിയ ആധാര്‍ കാര്‍ഡ് അനുവദിക്കാന്‍ യുഐഡി അഥോറിറ്റി സംസ്ഥാന ഡയറക്ടര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി. ഒരു വിദ്യാര്‍ഥിയുടെ കുടുംബത്തിനെതിരേ പൊതുമേഖല ബാങ്ക് സ്വീകരിച്ച ജപ്തി നടപടിയില്‍ വായ്പ തിരിച്ചടവിന് സമയം നല്കാന് ബാങ്കിന് കമ്മീഷന് നിര്‍ദേശം നല്കി.
ആയഞ്ചേരി പഞ്ചായത്തില്‍ പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂള്‍ എച്ച്എമ്മിനെ പഞ്ചായത്ത് നിരന്തരം വിളിച്ചുവരുത്തുന്നുവെന്ന സ്കൂള്‍ പിടിഎയുടെ പരാതിയില്‍, പഠനത്തെയും സ്കൂള്‍ പ്രവര്‍ത്തനത്തെയും ബാധിക്കാത്ത രീതിയില്‍ മാത്രമേ പഞ്ചായത്ത് കാര്യങ്ങള്‍ക്കായി ഹാജരാകേണ്ടതുള്ളൂവെന്ന് കമ്മീഷന് നിര്‍ദേശിച്ചു. ബാലുശേരി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ സമീപത്തെ വീടുകളില്‍ വിള്ളല്‍ വീഴുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുതല സുരക്ഷാ അഥോറിറ്റികള്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട നാല് പരാതികള്‍ വിശദമായ ശാസ്ത്രീയ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി മാറ്റിവച്ചു.